തൊണ്ട വരളുന്നോ പരിഹാരമുണ്ട് ഈ ചായ തൊണ്ടയിലെ കരകരപ്പ് മാറ്റും
കാലാവസ്ഥാ മാറ്റം കാരണം ചിലര്‍ക്ക് ജലദോഷവും ചുമയും സാധാരണമാണ്. വരണ്ട തൊണ്ടയും ഇടയ്ക്കിടെ കുത്തിക്കുത്തിയുള്ള ചുമയും ഇതിന്റെയൊപ്പമുണ്ടാകും. വരണ്ട തൊണ്ടയുണ്ടാക്കുന്ന അസ്വസ്ഥതകള്‍ മാറ്റാന്‍ ചില പരിഹാര മാര്‍ഗങ്ങളുണ്ട്. ആയുര്‍വേദ ചികിത്സയുടെ പ്രധാനപ്പെട്ട ഘടകങ്ങളാണ് തുളസിയും തേനും. ഇവ രണ്ടും ചേര്‍ത്തുണ്ടാക്കുന്ന ചായ തൊണ്ടയിലെ കരകരപ്പ് മാറ്റുന്നതിനുള്ള ഉത്തമ ഔഷധമാണ്. ബാക്ടീരിയകള്‍, ഫംഗസ് എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിക്കാനും തേനിനു കഴിയും.
ചെറുചൂടുള്ള പാലില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് നന്നായി ഇളക്കിയശേഷം കുടിക്കുക. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഒട്ടേറെ രോഗങ്ങള്‍ക്കെതിരേ പൊരുതുന്നതിനുമുള്ള മഞ്ഞളിന്റെ കഴിവ് പ്രസിദ്ധമാണ്. വരണ്ട തൊണ്ട മൂലമുള്ള അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനു പുറമെ അണുബാധ കുറയ്ക്കുന്നതിനും ചുമയ്ക്കും പാലില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിക്കുന്നത് മികച്ചമാര്‍ഗമാണ്.
ബാക്ടീരിയക്കെതിരേ പ്രവര്‍ത്തിക്കുന്ന മികച്ച ഔഷധമാണ് നെയ്യ്. മാത്രമല്ല തൊണ്ടയെ എപ്പോഴും നനവുള്ളതാക്കി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. രണ്ടോമൂന്നോ മണി കുരുമുളക് ചവച്ചരച്ച് കഴിച്ചതിനുശേഷം ഒരു സ്പൂണ്‍ നെയ്യ് കഴിക്കുക. ഇത് കഴിച്ചതിനുശേഷം വെള്ളം കുടിക്കരുത്. പകല്‍സമയങ്ങളില്‍ ചെറിയൊരു കഷ്ണം ഇരട്ടിമധുരം വായിലിട്ട് ചവച്ചുകൊണ്ടിരിക്കുന്നത് തൊണ്ട എപ്പോഴും നനഞ്ഞിരിക്കാന്‍ സഹായിക്കും. തൊണ്ട ശുദ്ധിയാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഇരട്ടിമധുരം.